Breaking News
Home / Politics / ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 72 ആം പിറന്നാള്‍

ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 72 ആം പിറന്നാള്‍

4169-11242-full20family

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് 72 ആം പിറന്നാള്‍. പതിവു പോലെ തന്നെ ഇപ്രാവശ്യവും തിരക്കേറിയ ദിനമായിരിക്കും ഉമ്മന്‍ചാണ്ടിക്ക്. ആള്‍ക്കൂട്ടത്തിനിടയിലായിരിക്കും ഉമ്മന്‍ചാണ്ടി പിറന്നാള്‍ ദിനം ചെലവെഴിക്കുക. സര്‍ക്കാറിനെ പിടിച്ചുലച്ച എല്ലാ പ്രതിസന്ധികളേയും മറികടന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ മാത്രം കേന്ദ്രീകരിക്കുകയാണ് അദ്ദേഹം.

സഹപ്രവര്‍ത്തകരുടെയും അനുയായികളുടെയും ഇടയില്‍ ഒ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഉമ്മന്‍ചാണ്ടി നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞൂഞ്ഞാണ്. 1943 പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം കുമരകത്ത് ജനനം. കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും സമ്പാദിച്ചു. കെഎസ് യുവിലൂടെയാണ് ഉമ്മന്‍ചാണ്ടി രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്.

Oommen-Chandy

1967 ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തെത്തി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന എം.ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി ആദ്യമായി കേരള നിയമസഭയിലെ അംഗമായി. പിന്നീട് രാഷ്ട്രീയ കേരളത്തില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളൊക്കെയായി കര്‍മ്മനിരതനായി. കരുണാകരന്‍, ആന്റണി സര്‍ക്കാരുകളുടെ കാലത്ത് ആഭ്യന്തരം, ധനം, തൊഴില്‍വകുപ്പുകളില്‍ മന്ത്രിയായി.

2001ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി വീണ്ടും യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റു. മൂന്നു വര്‍ഷത്തിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവെച്ചു. തുടര്‍ന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മന്‍ ചാണ്ടി കേരളമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയില്‍ തുടര്‍ന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു.

2011ല്‍ ഏപ്രിലില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ വീണ്ടും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18ന് കേരളത്തിന്റെ 21 ആമത് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി രണ്ടാം വട്ടം അധികാരമേല്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ നിരവധി ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു മേലുണ്ടായി. സോളാര്‍ കേസും, സരിതയുമായി മുഖ്യമന്ത്രിയുടെ ഒഫീസിനു ബന്ധമുണ്ടെന്ന ആരോപണവും, ബാര്‍ക്കോഴ കേസും ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്തി.

ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തില്‍ പബ്ലിക് സര്‍വീസിനു നല്‍കുന്ന പുരസ്‌കാരം 2013ല്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായിരുന്നു അവാര്‍ഡ്. എന്നാല്‍ അതും വിമര്‍ശനങ്ങള്‍ക്കിടവെച്ചു. ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് രാഷ്ട്രീയമായും വ്യക്തിപരമായും ഉപയോഗപ്പെടുത്തി എന്ന ആരോപണവും അദ്ദേഹത്തിനു നേരെ ഉയര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ നേരിട്ടും അദ്ദേഹം തന്റെ രാഷ്ട്രീയജീവിതം ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ടുപോവുകയാണ്.

Check Also

46583499.cms

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് …

Leave a Reply

Your email address will not be published. Required fields are marked *