Breaking News
Home / Sports / പുര്‍സല വെങ്കിട സിന്ധു അഥവാ പിവി സിന്ധു, ഇന്ത്യയുടെ യശസുയര്‍ത്തിയ ആ സുവര്‍ണതാരത്തെക്കുറിച്ച്

പുര്‍സല വെങ്കിട സിന്ധു അഥവാ പിവി സിന്ധു, ഇന്ത്യയുടെ യശസുയര്‍ത്തിയ ആ സുവര്‍ണതാരത്തെക്കുറിച്ച്

sindhu after receiving medal

പുര്‍സല വെങ്കിട സിന്ധു, 125 കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്വര്‍ണത്തിളക്കമുള്ള നാമമാണിത്. അവളിന്ന് ഒരു നാടിന്റെയാകെ വികാരമാണ്, ഒരു ജനതയുടെ അഭിമാനത്തിന്റെ മറുപേരാണ്. ആദ്യമായി ഒളിമ്പിക് വെള്ളിമെഡലെന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും ഇനി സിന്ധുവില്‍ സുരക്ഷിതം. ബാറ്റ്മിന്റണില്‍ ഒളിമ്പിക്‌സ് ഫൈനലിലെത്തി, പൊരുതിത്തോറ്റ്, വെള്ളിമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരത്തിന്റെ ആ കരുത്തുള്ള ജീവിതത്തിലേക്ക്.
വളര്‍ന്നുവരുന്ന ഒരായിരം സിന്ധുമാര്‍ക്ക് ആവേശമായി ലോകത്തിന് നെറുകയലേക്ക് നടന്നുകയറിയ ഈ തെലുങ്കാനയുടെ പുത്രി, ഒളിംപിക്‌സ് മെഡല്‍ സാധ്യതകളുടെ ചര്‍ച്ചകളില്‍ ആരും പരാമര്‍ശിക്കാഞ്ഞ ഒരു പേരായിരുന്നു. എന്നാല്‍ ഇന്ന് വാര്‍ത്തകളില്‍ സിന്ധുമയമാണ്. സിന്ധുവിനെ വര്‍ണിക്കാന്‍ വാര്‍ത്താതലക്കെട്ടുകള്‍ മത്സരിച്ച് മുന്നേറുന്നു, അതാണ് സിന്ധു, എഴുതിത്തള്ളിയിടത്ത് നിന്ന്, എഴുതിത്തള്ളിയവരുടെ മുന്‍പില്‍ 125 കോടി ജനതയുടെ പ്രതീക്ഷയായി അഭിമാനമായി വിളങ്ങി നില്‍ക്കുന്നു.
എന്നും സൈന എന്ന വടവൃക്ഷത്തിന്റെ തണലില്‍ ഒതുങ്ങാനായിരുന്നു സിന്ധുവിന്റെ വിധി. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ ഏവരുടേയും പ്രതീക്ഷയും ചര്‍ച്ചാ കേന്ദ്രവും സൈന ആയിരിക്കും. പക്ഷെ അത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും സൈനയേക്കാള്‍ മുന്നേറാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു. എങ്കിലും സൈന തന്ന പ്രതീക്ഷ എന്ന ഇന്ത്യന്‍ ശീലത്തിന് മാറ്റമൊന്നും ഉണ്ടായില്ല. റിയോയില്‍ ഒളിംപിക്‌സിന് ഇറങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രണ്ട് ലോക ചാമ്പ്യന്‍ ഷിപ്പുകളില്‍ തുടര്‍ച്ചയായി മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമെന്ന പരിഗണന പോലും സിന്ധുവിന് നല്‍കിയില്ല. 2013, 2014 ലോകചാമ്പ്യന്‍ഷിപ്പുകളിലായിരുന്നു സിന്ധുവിന്റെ വെങ്കല മെഡല്‍ നേട്ടങ്ങള്‍. സൈനയ്ക്ക് പോലും സാധിക്കാത്ത നേട്ടം. പക്ഷെ എന്തുകൊണ്ടോ നമ്മുടെ ചര്‍ച്ചകള്‍ സൈനയില്‍ കറങ്ങിത്തിരിഞ്ഞ് നിന്നു.

സിന്ധു റിയോയില്‍ മത്സരത്തിനിടെ

2009 ലാണ് സിന്ധു ബാഡ്മിന്റണ്‍ രംഗത്തേക്കുള്ള വരവറിയിച്ചത്. കൊളംബോയില്‍ നടന്ന സബ് ജൂനിയര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടത്തോടെയായിരുന്നു ഇന്ത്യന്‍ കായികരംഗത്ത് ശ്രദ്ധേ നേടിയത്. 2010 ല്‍ മെക്‌സിക്കോയിലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയത് ലോകത്തിന്റെ ശ്രദ്ധയിലേക്ക് സിന്ധുവിനെ കൈപിടിച്ചുയര്‍ത്തി. അടുത്ത വര്‍ഷം സിന്ധു ശരിക്കും തന്റേതാക്കി മാറ്റി. കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സിന്ധു ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും വെങ്കലം കരസ്ഥമാക്കി. 2012 ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി തന്റെ ശക്തി ലോകത്തോട് വിളിച്ചോതി. അതേവര്‍ഷം ചൈനാ മാസ്റ്റേഴ്‌സില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ലി സുറേയിയെ അട്ടിമറിച്ച സിന്ധു ചില സൂചനകള്‍ നല്‍കുകയായിരുന്നു. ബാഡ്മിന്റണിലെ അനിഷേധ്യ ശക്തയായ ചൈനയ്‌ക്കെതിരായ വിജയം സിന്ധുവിനെ ചൈനയുടെ കണ്ണിലെ കരടാക്കി. ഒപ്പം ഇന്ത്യന്‍ കായിക പ്രേമികളുടെ കണ്‍മണിയായും ഈ ഹൈദരാബാദുകാരി മാറി.

SINDHU

റിയോയില്‍ ഇന്ത്യയുടെ സ്വാഭാവിക പ്രതീക്ഷാ താരം സൈന തന്നെയായിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ സൈന പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. ശേഷിച്ചിരുന്ന സിന്ധുവില്‍ വെറുതെയങ്കിലും പ്രതീക്ഷയര്‍പ്പിക്കാന്‍ ആരും തയ്യാറായില്ല. നിശബ്ദതയില്‍ നിന്ന് ഒരു സ്‌ഫോടനമായി സിന്ധു ഉയര്‍ന്നതോടെയാണ് തൂലികകളും നാവുകളും ആ പേരിന് പിറകെ കൂടിയത്. ഇന്ന് 125 കോടിയുടെ അഭിമാനത്തിന്റെ പ്രതീകമാണ് സിന്ധു. കാരണം ഇന്ത്യന്‍ പ്രതീക്ഷകളെ ശൂന്യതയില്‍ നിന്നും ആകാശത്തോളം ഉയര്‍ത്തിവളാണവര്‍. കരുത്തും കഴിവുമുണ്ടായിട്ടും എവിടെയുമെത്താത്ത ഒരായിരം സിന്ധുമാര്‍ക്ക് സ്വര്‍ണച്ചിറകുവെച്ച് പറക്കാന്‍ സിന്ധുവിന്ന് പ്രചോദനമാണ്. റിയോയിലെ വിക്ടറി സ്റ്റാന്റില്‍ നീ പ്രതിനിധീകരിച്ചത് ഞങ്ങളെ ഓരോരുത്തരെയുമാണ്. പ്രിയ സിന്ധു, നിനക്ക് നന്ദി

Check Also

neymar 2

പുതുചരിത്രം സമ്മാനിച്ച്​ നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു

റിയോ ഡെ ജനീറോ: ഒളിമ്പിക്സിലെ ഫുട്ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ബ്രസീലിെൻറ ഇതിഹാസ താരം നെയ്മർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. …

Leave a Reply

Your email address will not be published. Required fields are marked *